വർഗീയ കാളകൂടം തള്ളി കേരളം; ‘കേരള സ്റ്റോറി 2’ കാണാൻ ആളില്ല

Wait 5 sec.

കോഴിക്കോട് | വിവാദ ചിത്രം ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ കേരളത്തിലെ തിയറ്ററുകളിൽ പ്രേക്ഷകരില്ലാതെ തകർന്ന് വീഴുന്നു. മതസൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള പ്രമേയമാണെന്ന ആക്ഷേപം ശക്തമായതോടെ സിനിമയെ കേരളം ഒന്നടങ്കം ബഹിഷ്കരിക്കുന്ന കാഴ്ചയാണ് കാണുന്നത്. കോഴിക്കോട് റീഗൽ തിയറ്ററിൽ രാത്രി പത്ത് മണിക്ക് നിശ്ചയിച്ചിരുന്ന ഷോയ്ക്ക് വെറും രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതോടെ കാണികളില്ലാത്തതിനാൽ ഷോ റദ്ദാക്കി.​കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലും സമാനമായ അവസ്ഥയാണ്. എറണാകുളത്ത് നിലവിൽ ഏഴ് തിയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. എന്നാൽ എല്ലായിടത്തും ടിക്കറ്റ് ബുക്കിംഗ് തീരെ കുറഞ്ഞ നിലയിലാണ്. ജില്ലയിലെ പാൻ സിനിമാസ് തിയറ്ററിൽ ആകെ ആറുപേരും പി വി ആറിൽ രണ്ടുപേരുമാണ് ടിക്കറ്റ് എടുത്തത്. കൊച്ചിയിലെ പ്രമുഖ തിയറ്ററായ ഷേണായീസിലും പ്രേക്ഷക സാന്നിധ്യം തീരെ കുറഞ്ഞതായാണ് റിപ്പോർട്ടുകൾ.​നേരത്തെ ചിത്രത്തിന്റെ പ്രദർശനം മതസൗഹാർദ്ദത്തിന് ഭീഷണിയാകാമെന്ന നിരീക്ഷണത്തെ തുടർന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് 15 ദിവസത്തേക്ക് വിലക്കിയിരുന്നു. എന്നാൽ ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും പി വി ബാലകൃഷ്ണനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും പ്രദർശനത്തിന് അനുമതി നൽകുകയുമായിരുന്നു. നിയമയുദ്ധത്തിലൂടെ പ്രദർശനാനുമതി നേടിയെങ്കിലും കേരളത്തിന്റെ പൊതുസമൂഹം സിനിമയെ തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവാണ് തിയറ്ററുകളിലെ ഈ ഒഴിഞ്ഞ കസേരകൾ.