വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുസ്ലിം ലീഗ് നടപ്പിലാക്കുന്ന ഭവനപദ്ധതിയെ പരിഹസിച്ചും ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചും ഡോ. കെ.ടി. ജലീൽ. വാഗ്ദാനം ചെയ്ത 105 വീടുകളിൽ 51 എണ്ണം മാത്രം പൂർത്തിയാക്കിയ ലീഗിന് താൻ “പകുതി നന്ദി” മാത്രമേ അർപ്പിക്കുന്നുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.വയനാട് പുനരധിവാസത്തിനായി ലീഗ് വാങ്ങിയ ഭൂമി ഇടപാടിൽ വൻ കമ്മീഷൻ അഴിമതി നടന്നതായാണ് ജലീലിന്റെ പ്രധാന ആരോപണം. സെന്റിന് 50,000 രൂപ മാത്രം വിലയുള്ള തോട്ടഭൂമി ഒന്നേകാൽ ലക്ഷം രൂപയ്ക്കാണ് സ്വന്തക്കാരിൽ നിന്ന് ലീഗ് നേതാക്കൾ വാങ്ങിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ ഇടപാടിലൂടെ ഇടനിലക്കാരായ ലീഗ് നേതാക്കൾ എട്ടേകാൽ കോടി രൂപ കമ്മീഷനായി അടിച്ചെടുത്തുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ ഭൂമി തരം മാറ്റാൻ സർക്കാർ സഹായിച്ചുവെന്ന കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലിനെ പരാമർശിച്ച ജലീൽ, എട്ടേകാൽ കോടി സ്വന്തമാക്കാൻ സഹായിച്ചതിന് ലീഗ് നേതാക്കൾ പിണറായി സർക്കാരിനോട് എന്നും നന്ദിയുള്ളവരായിരിക്കണമെന്നും പരിഹസിച്ചു.ALSO READ: ‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം പിവയനാട് പുനരധിവാസത്തിനായി ലീഗ് പിരിച്ച 40 കോടിയിലധികം രൂപ മാസങ്ങൾ കഴിഞ്ഞിട്ടും ചെലവഴിക്കാതിരുന്നത് താൻ ചോദ്യം ചെയ്തതാണ് തന്നെ ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണിക്കാൻ കാരണമെന്ന് ജലീൽ അവകാശപ്പെട്ടു. ഗുജറാത്ത്, സുനാമി, കത്വ ഫണ്ടുകളുടെ ഗതി വയനാട് ഫണ്ടിന് ഉണ്ടാകാതിരുന്നത് തന്റെ ഇടപെടൽ കൊണ്ടാണെന്ന് ലീഗ് പ്രവർത്തകർ പോലും വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗ് 105 വീടുകൾ പ്രഖ്യാപിച്ചെങ്കിലും ബാക്കി 54 വീടുകൾ പണിയാൻ രണ്ടാമത്തെ ഫണ്ട് പിരിവ് തുടങ്ങിയിട്ടേയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സർക്കാർ ടൗൺഷിപ്പിലേക്ക് ലീഗ് നൽകിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ജലീൽ വിമർശനം ഉന്നയിച്ചു. ലീഗിന്റെ 15 എം.എൽ.എമാർ ചേർന്ന് ആകെ നൽകിയത് ഏഴര ലക്ഷം രൂപ മാത്രമാണ്, ഇത് ഒരു വീടിന് ചെലവാകുന്ന തുകയുടെ മൂന്നിലൊന്ന് മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ലീഗിന്റെ സർവീസ് സംഘടനകളോ നേതാക്കളോ ഇതിലേക്ക് പണം നൽകിയതായി കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലീഗിനൊപ്പം കോൺഗ്രസിനെയും ജലീൽ വെറുതെ വിട്ടില്ല. വയനാട് ദുരിതാശ്വാസത്തിനായി കോൺഗ്രസും യൂത്ത് കോൺഗ്രസും എത്ര രൂപ പിരിച്ചുവെന്ന് വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നടത്തിയ കല്ലിടൽ കർമ്മത്തെ “നാടകം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ദുരിതാശ്വാസ നിധി സ്വന്തം ആവശ്യങ്ങൾക്കോ തിരഞ്ഞെടുപ്പ് ചെലവുകൾക്കോ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പും നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് ലീഗ് നേതാക്കൾ ആഹ്വാനം ചെയ്തിരുന്ന കാര്യവും ജലീൽ അനുസ്മരിച്ചുThe post ‘പകുതി വാഗ്ദാനം പാലിച്ചവർക്ക് പകുതി നന്ദി’; മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ appeared first on Kairali News | Kairali News Live.