പതിനൊന്നുകാരിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ കേസ്; വയോധികന് എട്ടുവര്‍ഷം കഠിന തടവും 65,000 രൂപ പിഴയും

Wait 5 sec.

പത്തനംതിട്ട | പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ നിരന്തരം ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ വയോധികന് എട്ടുവര്‍ഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ. കരുവാറ്റ പ്ലാവിലത്തറ സ്വദേശി വാഴവിളയില്‍ വീട്ടില്‍ സുന്ദരേശന്‍ (71)നെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്. 2025 നവംബര്‍ അഞ്ചിന് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ മൂന്നര മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറയുകയായിരുന്നു.പരാതി ലഭിച്ചതിനെ തുടര്‍ന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം തൊട്ടടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. കാലതാമസം കൂടാതെ അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ജില്ലാ പോലീസ് മേധാവി കര്‍ശന നിര്‍ദേശവും നല്‍കി.ഏനാത്ത് എസ് എച്ച് ഒ. അനൂപ് അച്ചന്‍ കുഞ്ഞിന്റെ നേതൃത്വത്തില്‍ എസ് ധന്യ, എ എസ് ഐമാരായ രവികുമാര്‍, പ്രശാന്ത്, ശിവപ്രസാദ്, സുധീഷ് എന്നിവരും പോലീസ് ഉദ്യോഗസ്ഥരായ അനൂപ്, ശ്രീലാല്‍, വിഷ്ണു മോഹന്‍, സുനില്‍, രതീഷ് എന്നിവരും വനിതാ പോലീസ് ഉദ്യോഗസ്ഥരായ സിന്ധു, ദീപ, കൃഷ്ണകുമാരി, ഷെബി, ലേഖ എന്നിവരും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘം അഞ്ചു ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.കോടതി നടപടികളില്‍ കാലതാമസം ഉണ്ടാകാതിരിക്കുന്നതിനായി ഡി വൈ എസ് പി. ബിനു വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ. വിമല്‍, സീനിയര്‍ സി പി ഒ. വിവേക് എന്നിവര്‍ ഉള്‍പ്പെട്ട സെന്‍ട്രല്‍ എയ്ഡ് പ്രോസിക്യൂഷന്‍ സംഘമായിരുന്നു കോടതി നടപടികള്‍ ഏകോപിപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്മിതാ ജോണ്‍ ഹാജരായി. സി പി ഒമാരായ കൃഷ്ണകുമാര്‍, വരുണ്‍ ബോസ് പ്രോസിക്യൂഷന്‍ സഹായികളായി.