നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് പ്രോസിക്യൂഷന്‍

Wait 5 sec.

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. വിധി റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസിലെ പ്രതി പള്‍സര്‍ സുനി അടക്കമുള്ള കുറ്റവാളികളുടെ ശിക്ഷ വര്‍ധിപ്പിക്കണം. ദിലീപ് ഉള്‍പ്പെടെ കേസില്‍ വെറുതെ വിട്ട പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചു.ദിലീപിനെ വെറുതെവിട്ട വിചാരണക്കോടതി വിധിയെ പ്രോസിക്യൂഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. വിധി ക്രിമിനല്‍ നടപടികളുടേയും സ്വാഭാവിക നീതിയുടെയും ലംഘനമാണ്. പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് യുക്തവും മാതൃകാപരവുമായ സന്ദേശമായിരിക്കണം. ദിലീപ് ഉള്‍പ്പെടെ പ്രതികളെ വിറുതെവിട്ടത് നിയമ വിരുദ്ധമാണ്. പ്രതികള്‍ക്ക് അന്യായമായ ആനുകൂല്യം നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.പീഡന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട വിചാരണ കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. അതിജീവിതയുടെ സ്വകാര്യത ഹനിക്കപ്പെട്ടിട്ടില്ലെന്ന കണ്ടെത്തല്‍ വസ്തുതാ വിരുദ്ധമാണ്. അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി ഇങ്ങനെ കണ്ടെത്തിയത്. ഫോറന്‍സിക് റിപോര്‍ട്ടുകളോ ഉദ്യോഗസ്ഥരുടെ മൊഴികളോ വിചാരണക്കോടതി മുഖവിലക്കെടുത്തിട്ടില്ല. പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നിട്ടില്ലെന്ന വാദം അശാസ്ത്രീയമാണ്.ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമാണ് വിചാരണ കോടതിയുടെ നിഗമനം. വിചാരണക്കോടതി ബോധപൂര്‍വ്വവം തെറ്റായ വിവരണം സൃഷ്ടിക്കാന്‍ ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ്. അന്വേഷണ ഉദ്യോഗസ്ഥന് എതിരെയുള്ള പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.