സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ ഉറപ്പാക്കുന്നതിന് വലിയ നീക്കവുമായി സർക്കാർ. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ സ്കീം സർക്കാർ ഉത്തരവായി പുറത്തിറങ്ങി. നാഷണൽ പെൻഷൻ സ്കീമിന് പകരമായി മിനിമം പെൻഷൻ ഉറപ്പുനൽകുന്ന പുതിയ പദ്ധതി 2026 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. പുതുതായി സർവീസിൽ പ്രവേശിക്കുന്നവർക്ക് അഷ്വേർഡ് പെൻഷൻ സ്കീമോ നാഷണൽ പെൻഷൻ സ്കീമോ തിരഞ്ഞെടുക്കാനുള്ള അവസരവും സർക്കാർ നൽകുന്നു. എന്നാൽ ഈ പെൻഷൻ പദ്ധതിയിൽ എത്തുന്നതിനെടുത്ത നാൾ വഴി വളരെ നീണ്ടതായിരുന്നു.ഇന്ത്യയിലെ പെന്‍ഷന്‍ പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ എന്ന പേരില്‍ അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്) തയ്യാറാക്കിയ രേഖയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായി നടപ്പാക്കിയത്. നവലിബറല്‍ നയങ്ങളില്‍ ഉള്‍ചേര്‍ന്ന സാമ്പത്തിക പരിഷ്കരണങ്ങളുടെ പൂര്‍ത്തീകരണത്തിനായി ജീവനക്കാരുടെ പെന്‍ഷന്‍ എന്ന ഉത്തരവാദിത്തം സര്‍ക്കാരുകള്‍ കൈയ്യൊഴിയണമെന്നാണ് ഐ.എം.എഫ് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശം സംബന്ധിച്ച് പഠിക്കാന്‍ എ.ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ബി.കെ ഭട്ടാചാര്യ കമ്മീഷനെ നിയോഗിച്ചു. ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2003 ഡിസംബര്‍ 22 –ന് വാജ്പേയ് സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനുള്ള ഉത്തരവ് വിജ്ഞാപനം ചെയ്യുന്നത്. 2004 ജനുവരി 1 മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ബാധകമാകുന്ന നിലയിലായിരുന്നു വിജ്ഞാപനം. എന്നാല്‍, ഇതിനാവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ ആ സര്‍ക്കാരിന് കഴിഞ്ഞില്ല. 2004 ഡിസംബര്‍ 29 –ന് ഒന്നാം യു.പി.എ സര്‍ക്കാരാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനായി ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. 2025 മാര്‍ച്ച് 21 –ന് ഒന്നാം യു.പി.എ സര്‍ക്കാരിലെ ധനകാര്യ മന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ) ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മുന്നണിയ്ക്ക് പുറത്തുള്ള ഇടതുപക്ഷ പിന്തുണയിലാണ് ആ സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നിരുന്നത്. ഇടത് പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആ ബില്‍ പാസ്സാക്കിയെടുക്കാന്‍ ഒന്നാം യു.പി.എ സര്‍ക്കാരിന് കഴിഞ്ഞില്ല. 2009 –ല്‍ അധികാരത്തിലെത്തിയ രണ്ടാം യു.പി.എ സര്‍ക്കാര്‍ 2012 മാര്‍ച്ച് 24 –ന് പി.എഫ്.ആര്‍.ഡി.എ ബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിച്ചു. 2013 സെപ്റ്റംബർ 3 –ന് ലോകസഭയുടെ പരിഗണനയ്ക്കുവച്ച ബില്‍ മൂന്നാംദിവസം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ പാസ്സാക്കി. തൊട്ടടുത്ത ദിവസം രാജ്യസഭയും ഈ ബില്ലിന് അംഗീകാരം നല്‍കി. അത് നിയമമായതോടെ, 2004 മുതല്‍ നിയമ വിധേയമല്ലാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന പി.എഫ്.ആര്‍.ഡി.എയ്ക്ക് നിയമപരമായ സാധുത ലഭിച്ചു. കോര്‍പ്പറേറ്റ് മൂലധന ശക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബി.ജെ.പിയും, കോണ്‍ഗ്രസ്സും ഒത്തൊരുമിച്ചുനിന്ന് ബില്‍ പാസ്സാക്കിയതുമൂലം വരാനിരിക്കുന്ന അപകടങ്ങള്‍ അന്നേ ഇടത് പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയതാണ്. Also read : കിള്ളിപ്പാലത്ത് സ്കോൾ കേരളയുടെ പുതിയ ആസ്ഥാന മന്ദിരം; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു2001 ജുണില്‍ എ.കെ ആന്റണി സര്‍ക്കാര്‍ ഇറക്കിയ ധവളപത്രത്തിലൂടെ വിപുലമായ സിവില്‍ സര്‍വീസ് വേണ്ടെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ഇത്രകൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ജീവനക്കാരെയും അധ്യാപകരെയും നിലനിര്‍ത്തേണ്ടതില്ല എന്നതായിരുന്നു ആ സര്‍ക്കാരിന്റെ നിലപാട്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നും വേതനം മരവിപ്പിക്കണമെന്നുമൊക്കെയുള്ള നിര്‍ദ്ദേങ്ങള്‍ ധവളപത്രത്തിന്റെ ഭാഗമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ദേശീയ തലത്തിലുള്ള ഉത്തരവിറങ്ങുന്നതിന് മുമ്പുതന്നെ 2003 ഡിസംബറില്‍ കേരളത്തില്‍ പദ്ധതി നടപ്പാക്കല്‍ പ്രഖ്യാപിച്ചു. 2002 ജനുവരി 16 –ന് ഇറക്കിയ ജി.ഒ.(പി)നം. 56/2002/ഫിന്‍ എന്ന ഉത്തരവിലെ 16 –ാമത്തെ ഇനമായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ ഉള്‍പ്പെടുത്തി. ജീവനക്കാര്‍ 2002 ഫെബ്രുവരി 6 മുതല്‍ നടത്തിയ 32 ദിവസത്തെ പണിമുടക്കാണ് ഈ തീരുമാനം പിന്‍വലിപ്പിക്കാന്‍ കാരണമായത്. അന്ന് 552 ജീവനക്കാരെയാണ് ജയിലില്‍ അടച്ചത്. പിരിച്ചുവിടല്‍, എസ്മ ഉള്‍പ്പെടെയുള്ള ഭീഷണികള്‍ക്കൊന്നും ജീവനക്കാര്‍ വഴങ്ങാത്ത സാഹചര്യത്തിലാണ് ആ ഉത്തരവിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ എ.കെ ആന്റണി സര്‍ക്കാരിന് കഴിയാതെ വന്നത്. 2006 –ല്‍ ചുമതലയേറ്റ എല്‍.ഡി.എഫ് സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. 2008 ജനുവരി 9 –ലെ ജി.ഒ.(പി) 32/08/ഫിന്‍ നമ്പര്‍ ഉത്തരവ് പ്രകാരം പദ്ധതി പിന്‍വലിച്ചു. എന്നാല്‍, 2011 –ല്‍ അധികാരത്തില്‍വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2012 ആഗസ്റ്റ് 9 –ലെ ജി.ഒ.(പി) 441/2012/ഫിന്‍ നമ്പര്‍ ഉത്തരവിലൂടെ 2013 ഏപ്രിൽ 1 മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധകമാക്കി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും സമരങ്ങളുമാണ് ഉയര്‍ന്നത്. വനിതാ ജീവനക്കാരെയടക്കം അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലില്‍ അടക്കുന്ന സ്ഥിതിയുണ്ടായി. എന്നാല്‍, ജീവനക്കാരുടെ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന രീതിയില്‍ പണിമുടക്ക് പിന്‍വലിക്കുകയും വിവിധ രൂപത്തില്‍ സമരം തുടരുകയുമായിരുന്നു. 2016 –ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് പഠിക്കാനായി റിട്ട. ജില്ലാ ജഡ്ജി കെ.എസ് സതീഷ് ചന്ദ്രബാബു ചെയര്‍മാനായി വിദഗ്ധ സമിതിയെ നിയോഗിച്ചു. Also read : വൈദ്യുതി ബില്ലിൽ ചരിത്രപരമായ ഇളവ്; ഇന്ധന സർചാർജ് ഉപഭോക്താക്കൾക്ക് തിരികെ നൽകുന്നു ഇതിനിടയില്‍ രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, സിക്കിം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍നിന്നും പിന്മാറുന്നതിനെക്കുറിച്ച് ആലോചിച്ച് തുടങ്ങി. ഏതെങ്കിലും സംസ്ഥാനം പദ്ധതിയില്‍നിന്ന് പിന്മാറിയാല്‍ ആ സംസ്ഥാനത്തിന്റെ ഭാവി വരുമാനത്തില്‍നിന്നും പദ്ധതിയ്ക്ക് പണം കണ്ടെത്തേണ്ടി വരുമെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ത്തന്നെ വ്യക്തമാക്കി. പിന്മാറല്‍ വ്യവസ്ഥയില്ലെന്ന നിലപാട് പി.എഫ്.ആര്‍.ഡി.എയും ആവര്‍ത്തിച്ചു. 2023 –ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍നിന്ന് പിന്മാറാന്‍ തയ്യാറായി. മാച്ചിംഗ് ഫണ്ട് അടയ്ക്കുന്നതുള്‍പ്പെടെയുള്ള കടുത്ത സാമ്പത്തിക ബാധ്യതയില്‍നിന്ന് ഒഴിവാകുക, പി.എഫ്.ആര്‍.ഡി.എയിലേയ്ക്ക് സര്‍ക്കാരും ജീവനക്കാരും അടച്ച തുക തിരികെ വാങ്ങി സംസ്ഥാനത്ത് നിലവിലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പദ്ധതിയില്‍നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചത് എന്ന നിലയിലുള്ള ചില ചര്‍ച്ചകളും അന്ന് ഉയര്‍ന്നുവന്നിരുന്നു. രാജസ്ഥാന്‍ സര്‍ക്കാരിന്റെ 39,000 കോടി രൂപയും, ഛത്തീസ്ഗഡിന്റെ 17,000 കോടി രൂപയും ഉള്‍പ്പെടെ ഓരോ സംസ്ഥാനത്തുനിന്നുമുള്ള വലിയ തുകയാണ് ഫണ്ട് മാനേജര്‍മാരുടെ കൈവശം എത്തിയിട്ടുള്ളത്. ഈ തുക തിരികെ നല്‍കാന്‍ കഴിയില്ലെന്ന് ഫണ്ട് മാനേജര്‍മാരും കേന്ദ്ര സര്‍ക്കാരും അറിയിച്ചതോടെ പദ്ധതില്‍നിന്ന് പിന്മാറുന്നതിനായി ഇറക്കിയ ഉത്തരവുകളില്‍ ആ സംസ്ഥാന സര്‍ക്കാരുകള്‍ കാര്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. ഇതിനിടയില്‍ രാജസ്ഥാനില്‍ പഴയ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം കുറച്ചുപേര്‍ക്ക് നല്‍കി തുടങ്ങിയിരുന്നു. എന്നാല്‍, സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ എത്തിയതോടെ എന്‍.പി.എസിലേയ്ക്ക് മടങ്ങിപോകുമെന്ന പരസ്യമായ പ്രഖ്യാപനവുമുണ്ടായി. ആന്ധ്ര മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്ന ഗ്യാരന്റീഡ് പെന്‍ഷന്‍ നടപ്പാക്കുന്നതിന് നിയമനിര്‍മ്മാണം നടത്തി. ഈ മാതൃകയില്‍ അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി എന്ന പേരില്‍ മറ്റൊരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. എന്നാല്‍, 2024 ആഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത പെന്‍ഷന്‍ പദ്ധതി (യു.പി.എസ്) പ്രഖ്യാപിച്ചപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാട് മാറ്റി. ഇതിനിടയില്‍, പി.എഫ്.ആര്‍.ഡി.എയ്ക്ക് കീഴിലുള്ള പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് പിന്മാറുന്ന സംസ്ഥാനങ്ങള്‍ അധികമായി ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സ്വയം ഏറ്റെടുക്കേണ്ടി വരുമെന്ന ആര്‍.ബി.ഐ മുന്നറിയിപ്പുമുണ്ടായി. പദ്ധതിയില്‍നിന്ന് പിന്‍വാങ്ങിയാല്‍ അഞ്ച് മടങ്ങുവരെ അധിക ബാധ്യത സംസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ആര്‍.ബി.ഐ മുന്നോട്ടുവച്ചത്. ഇതിനിടയില്‍ പദ്ധതിയില്‍നിന്ന് പിന്മാറാന്‍ ആലോചിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച് തുടങ്ങി. രാജ്യത്തൊട്ടാകെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ പദ്ധതിയുടെ ഘടനയിലും പ്രവര്‍ത്തനരീതിയിലും മാറ്റം ആവശ്യമാണോ എന്നത് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫിനാന്‍സ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാലംഗ സമിതിയെ നിയോഗിച്ചു. പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം, 2024 ആഗസ്റ്റ് 24 –ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം 2025 ഏപ്രില്‍ 1 മുതല്‍ യു.പി.എസ് (ഏകീകൃത പെന്‍ഷന്‍ പദ്ധതി) നടപ്പാക്കാന്‍ തീരുമാനിച്ചു.Also read : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, നെടുമ്പാശേരിയിലും കരിപ്പൂരിലും റദ്ദാക്കിയ സർവീസുകൾ ഇതാ യു.പി.എസില്‍ സര്‍ക്കാര്‍ വിഹിതം 14 ശതമാനത്തില്‍നിന്ന് 18 ശതമാനമായി ഉയര്‍ത്തി. പി.എഫ്.ആര്‍.ഡി.എ നിയമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എംപ്ലോയി വിഹിതത്തിന്റെ മാച്ചിംഗ് ഫണ്ടാണ് എംപ്ലോയര്‍ അടയ്ക്കേണ്ടത്. സര്‍ക്കാരിന് എംപ്ലോയര്‍ വിഹിതത്തിന് അനുസൃതമായി എംപ്ലോയി വിഹിതവും വര്‍ദ്ധിപ്പിക്കാന്‍ നിയമപരമായ സാധ്യതകളുണ്ടുതാനും. എംപ്ലോയര്‍-എംപ്ലോയി വിഹിതമായി 28.5% ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കുന്നു. ഇതിലും പ്രതിഫലിച്ച് നില്‍ക്കുന്നത് ഓഹരി കമ്പോളത്തിന്റെ ഗുണഭോക്താക്കളായ കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങളാണ്. യു.പി.എസില്‍ 25 വര്‍ഷത്തെ മിനിമം യോഗ്യത സേവന കാലയളവുള്ള ജീവനക്കാര്‍ക്ക് സൂപ്പര്‍ആന്വേഷന് മുമ്പുള്ള 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കില്‍ 50% പെന്‍ഷന്‍ ഉറപ്പുനല്‍കും. അംഗം മരണപ്പെട്ടാല്‍ പെന്‍ഷന്റെ 60 ശതമാനമാണ് കുടുംബ പെന്‍ഷന്‍ വാഗ്ദാനം. കുറഞ്ഞത് പത്തുവര്‍ഷം സര്‍വീസുള്ളവര്‍ക്ക് 10,000 രൂപ മിനിമം പെന്‍ഷന്‍. വിലക്കയറ്റത്തിന് ആനുപാതികമായ ഡി.ആര്‍ ഉണ്ടാകും. ഗ്രാറ്റുവിറ്റിയ്ക്കുപുറമെ ഒരു നിശ്ചിത തുക ഒന്നിച്ച് നല്‍കും. സൂപ്പര്‍ആന്വേഷന് തൊട്ടുമുമ്പുള്ള മാസത്തെ ശമ്പളത്തിന്റെ പത്തിലൊന്ന് ഓരോ ആറുമാസ സര്‍വീസും കണക്കാക്കി നല്‍കും. എന്നാല്‍, ഇതിനേക്കാള്‍മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ പഴയ പെന്‍ഷന്‍ സ്കീമില്‍ ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തുന്നത്. ഒ.പി.എസില്‍ പൂര്‍ണ്ണ പെന്‍ഷന്‍ അര്‍ഹരായവരുടെ അവസാനമാസ ശമ്പളത്തിന്റെ 50% പെന്‍ഷന്‍ ലഭിക്കും. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പിന്നീടങ്ങോട്ട് അഞ്ചുവര്‍ഷം കഴിയുംതോറും 20%, 30% എന്നിങ്ങനെ വര്‍ദ്ധനവുണ്ട്. അംഗം സര്‍വീസിലിരിക്കെ മരണമടഞ്ഞാല്‍ അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50%, സാധാരണ നിലയിലാണെങ്കില്‍ 30% കൂടുംബ പെന്‍ഷനുമുണ്ട്. ഒ.പി.എസില്‍ ഡി.ആര്‍, പെന്‍ഷന്‍ കമ്മ്യുട്ടേഷന്‍ ആനുകൂല്യങ്ങളുമുണ്ട്. ഒ.പി.എസിന് ജീവനക്കാരന്‍ വിഹിതം നല്‍കേണ്ടതില്ല. എന്നാല്‍, യു.പി.എസില്‍ 10% വിഹിതം നല്‍കണം. പെന്‍ഷന്‍ മാറ്റിവയ്ക്കപ്പെട്ട വേതനം എന്ന തത്വം ഒ.പി.എസില്‍ അംഗീകരിക്കുന്നു. യു.പി.എസില്‍ അതില്ല. ഒ.പി.എസില്‍ പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കുന്നു. എന്നാല്‍, യു.പി.എസില്‍ പെന്‍ഷന്‍ നല്‍കുമെന്ന ഉറപ്പ് മാത്രമാണുള്ളത്. ഒ.പി.എസില്‍ പെന്‍ഷന്‍ ഫണ്ട് ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കുന്നില്ല. എന്നാല്‍, യു.പി.എസില്‍ പെന്‍ഷന്‍ ഫണ്ട് ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കുന്നു. സ്വാഭാവികമായും ഓഹരി കമ്പോളത്തിലെ ലാഭനഷ്ടകണക്കുകള്‍ പെന്‍ഷന്‍ ഫണ്ടിനേയും ബാധിക്കുന്നു. ഇത് പെന്‍ഷന്‍ ആനുകൂല്യങ്ങളെ അനിശ്ചിതത്വത്തിലാക്കുന്നു. മുതലാളിത്ത വികസിത രാഷ്ട്രങ്ങളിലടക്കം ഓഹരി കമ്പോളത്തില്‍ നിക്ഷേപിച്ച പെന്‍ഷന്‍ ഫണ്ടുകള്‍ ഇല്ലാതായതുമൂലം പെന്‍ഷന്‍ക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട ഒട്ടേറെ മുന്‍ അനുഭവങ്ങളുണ്ടുതാനും. 2024 ഫെബ്രുവരിയില്‍ അവതരിപ്പിച്ച കേരള ബജറ്റില്‍ അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുമായി മുന്നോട്ടുപോകുന്ന വേളയിലാണ് കേന്ദ്ര സര്‍ക്കാര്‍ യു.പി.എസ് പ്രഖ്യാപിച്ചത്. പദ്ധതിയുടെ നിര്‍വ്വഹണരീതി വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിയും ഉത്തരവും ഇതുവരെയായിട്ടില്ല. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ, ഇതര മേഖലയില്‍ സമാനമായി നടപ്പാക്കുന്ന പദ്ധതികളാകെ പരിശോധിച്ച് ജീവനക്കാര്‍ക്ക് അനുഗുണമാകുന്ന തരത്തില്‍ പെന്‍ഷന്‍ ഉറപ്പാക്കാന്‍ കഴിയുന്ന നിലയിലുള്ള അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത് ബി.ജെ.പിയും കോണ്‍ഗ്രസ്സും ചേര്‍ന്നാണ്. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാരാണ് ഇത് പ്രാബല്യത്തില്‍ കൊണ്ടുവന്നത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയമല്ലെന്ന് അന്നുമുതല്‍ നിസംശയം പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിന്റെ ഭാഗാമായാണ് ഇപ്പോള്‍ അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം നടപ്പാക്കുന്നത്.The post യുപിഎസ്, ഒപിഎസ്, അഷ്വേർഡ് പെൻഷൻ; രാഷ്ട്രീയ വഴിത്തിരിവുകളുടെ നാൾ വഴി appeared first on Kairali News | Kairali News Live.