സൗദി അറേബ്യയിലെ വ്യോമ ഗതാഗത മേഖലയിൽ പുതിയ നാഴികക്കല്ല് കുറിച്ചുകൊണ്ട് അൽ-ജൗഫ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ബുധനാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചു.പഴയ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും പുതിയ സൗകര്യത്തിലേക്ക് പൂർണ്ണമായും മാറ്റി. സെക്കൻഡ് എയർപോർട്ട് ക്ലസ്റ്ററിന് കീഴിലാണ് പുതിയ വിമാനത്താവളം പ്രവർത്തിക്കുന്നത്.പഴയ വിമാനത്താവളത്തിന് പ്രതിവർഷം 1.75 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണുണ്ടായിരുന്നതെങ്കിൽ, പുതിയ വിമാനത്താവളത്തിൽ ഇത് 16 ലക്ഷമായി ഉയർന്നു. അതായത് യാത്രാശേഷിയിൽ 800 ശതമാനത്തിലധികം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.പുതിയ വിമാനത്താവളത്തിൽ 24,000 ചതുരശ്ര മീറ്ററിലായി അത്യാധുനികമായ ഒട്ടേറെ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്കായി 16 ചെക്ക്-ഇൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്, ഇതിൽ രണ്ടെണ്ണം സ്വയം സേവനത്തിനുള്ള (Self-service) സൗകര്യമുള്ളവയാണ്.വിമാനത്താവളത്തിൽ ആകെ 11 ഡിപ്പാർച്ചർ – അറൈവൽ ഗേറ്റുകളും, നടപടികൾ വേഗത്തിലാക്കാൻ 5 ഡ്യുവൽ പാസ്‌പോർട്ട് കൺട്രോൾ പ്ലാറ്റ്‌ഫോമുകളും പ്രവർത്തിക്കുന്നു.യാത്രക്കാരുടെ വാഹനങ്ങൾക്കായി 648 പാർക്കിംഗ് ഇടങ്ങളും, വൈവിധ്യമാർന്ന ഷോപ്പിംഗ് അനുഭവത്തിനായി 1,700 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വാണിജ്യ കേന്ദ്രങ്ങളും ഇവിടെ സജ്ജമാണ്.ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ചവർക്കുമായി പ്രത്യേക സെൻസറി മുറികളും മറ്റ് സേവനങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. അൽ-ജൗഫ് മേഖലയുടെ പൈതൃക തനിമ വിളിച്ചോതുന്ന രീതിയിലാണ് ടെർമിനൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.മേഖലയുടെ പ്രത്യേകതയായ ഒലിവ് മരങ്ങൾ വെച്ചുപിടിപ്പിച്ച 5,000 ചതുരശ്ര മീറ്റർ ഹരിത ഇടങ്ങളും വിമാനത്താവളത്തിന്റെ ആകർഷണമാണ്.The post 1.6 ദശലക്ഷം യാത്രാശേഷിയുമായി സൗദിയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു appeared first on Arabian Malayali.