മനാമ: ബഹ്റൈനിലെ പരമ്പരാഗത റമദാന്‍ ആഘോഷമായ ‘ഗര്‍ഗാവൂന്‍’ വന്നെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വിപണികളില്‍ വന്‍ തിരക്ക്. മാര്‍ച്ച് 3-നാണ് ഈ വര്‍ഷത്തെ ഗര്‍ഗാവൂന്‍ ആഘോഷം. തിരക്ക് വര്‍ധിച്ചതോടെ ഭൂരിഭാഗം തയ്യല്‍ കടകളും പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ തയ്യല്‍ കടകള്‍ ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു. ‘നിലവിലുള്ള ഓര്‍ഡറുകള്‍ കൃത്യസമയത്ത് നല്‍കാന്‍ വേണ്ടി റമദാന്‍ മാസത്തില്‍ ജോലി സമയം പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറും ജോലി ചെയ്താല്‍ മാത്രമേ ഓര്‍ഡറുകള്‍ തീര്‍ക്കാന്‍ കഴിയൂ. അതിനാല്‍ ഇനി പുതിയ ‘തഫ്സീല്‍’ (വസ്ത്രങ്ങള്‍ തുന്നല്‍) സാധ്യമല്ല,’ മനാമ മാര്‍ക്കറ്റിലെ ഒരു തയ്യല്‍ക്കാരന്‍ പറഞ്ഞു.തുന്നിച്ചേര്‍ത്ത വസ്ത്രങ്ങള്‍ കിട്ടില്ലെന്ന് ഉറപ്പായതോടെ രക്ഷിതാക്കളുടെ ഏക പ്രതീക്ഷ ഇനി റെഡിമെയ്ഡ് (ജാഹിസ്) വസ്ത്രങ്ങളിലാണ്. ഇതോടെ പരമ്പരാഗത വസ്ത്രങ്ങളുടെ പ്രധാന കേന്ദ്രമായ മനാമയില്‍ ജനത്തിരക്ക് ക്രമാതീതമായി വര്‍ധിച്ചു. പെണ്‍കുട്ടികള്‍ക്കുള്ള മനോഹരമായ പരമ്പരാഗത വസ്ത്രങ്ങളും ആണ്‍കുട്ടികള്‍ക്കുള്ള തോബുകളും വാങ്ങാന്‍ വിപണികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. The post ഗര്ഗാവൂന് ഒരുക്കം: തയ്യല് കടകള് ബുക്കിംഗ് അവസാനിപ്പിച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.