ടൗൺഷിപ്പ് പദ്ധതി ഒരുമയുടെയും സ്നേഹത്തിന്റെയും കേരള മാതൃക: മുഖ്യമന്ത്രി

Wait 5 sec.

നാടിന്റെ ഒരുമയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കേരള മാതൃക ഒരിക്കൽകൂടി രാജ്യത്തിനും ലോകത്തിനും മുമ്പിൽ ഉയർത്തിക്കാട്ടുകയാണ് വയനാട് മാതൃക ടൗൺഷിപ്പ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യർ ഭേദചിന്തകൾക്ക് അതീതമായി പരസ്പരം താങ്ങും തണലുമാകുന്ന കേരള മാതൃക വീണ്ടും ലോക ശ്രദ്ധ ആകർഷിക്കുകയാണ്. പരസ്പരസ്‌നേഹത്തോടെ മനുഷ്യർ ഇടകലരുന്നതിൽ അസ്വസ്ഥരാകുന്നവർ സംസ്ഥാനത്തിനെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കുള്ള മറുപടി കൂടിയാണ് കേരളത്തിന്റെ ഈ സ്‌നേഹ മാതൃകയെന്നും മുഖ്യമന്ത്രി പറഞ്ഞു.നിലവിൽ ഒന്നാംഘട്ടം പൂർത്തിയാക്കിയ ടൗൺഷിപ്പ് പദ്ധതി ഒട്ടും എളുപ്പമായിരുന്നില്ല. ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട ഒരു ജനതയെ ചേർത്തുപിടിച്ചുപിടിച്ച മനുഷ്യത്വത്തിന്റെ സവിശേഷതയാണ് മുണ്ടക്കൈ- ചൂരൽമല അതിജീവനത്തിൽ നാം കണ്ടത്.വ്യാജപ്രചാരണങ്ങളും കേന്ദ്ര സഹായനിഷേധവും കോടതി വ്യവഹാരങ്ങളും ഉൾപ്പെടെയുള്ള പ്രതിലോമകരമായ ഇടപെടലുകളെയെല്ലാം അതിജീവിച്ചാണ് പദ്ധതി യാഥാർഥ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരുമിച്ചു ജീവിക്കണമെന്ന ദുരന്തബാധിതരുടെ ആഗ്രഹം പരിഗണിച്ചാണ് ടൗൺഷിപ്പ് പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്. ദുരന്തബാധിതർക്ക് ഉപജീവനത്തിനായി ഓരോ മാസവും സാമ്പത്തിക സഹായം നൽകുന്നതിന് 17.2 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. സമാശ്വാസ ധനസഹായമായി 13 കോടി രൂപയും അടിയന്തര ധനസഹായമായി 1.3 കോടി രൂപയും വിതരണം ചെയ്തു. ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് സഹായം നൽകുന്നതിന് 2 കോടി രൂപയാണ് ചെലവഴിച്ചത്. 858 കുടുംബങ്ങൾക്ക് പ്രതിമാസം 1,000 രൂപയുടെ ഭക്ഷ്യക്കൂപ്പണും നൽകിവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.സമാനതകളില്ലാത്ത സഹായപ്രവാഹമാണ് ദുരിതാശ്വാസ നിധിയിലേക്കുണ്ടായത്. 773.98 കോടി രൂപ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യപ്പെട്ടു. സമൂഹത്തിന്റെ നാനാതുറകളിലുള്ള സംഘടനകളും വ്യക്തിത്വങ്ങളും സഹായഹസ്തം നീട്ടി. കർണ്ണാടക, ആന്ധ്രാ സർക്കാരുകൾ 10 കോടി രൂപ വീതവും തമിഴ്‌നാട്, രാജസ്ഥാൻ സർക്കാരുകൾ 5 കോടി രൂപ വീതവും സംഭാവനയായി നൽകി.കേന്ദ്രസർക്കാർ വിസമ്മതിച്ച സാഹചര്യത്തിലാണ് ദുരന്തബാധിതരുടെ വായ്പാ കുടിശ്ശികകൾ പൂർണ്ണമായും ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിവിധ ബാങ്കുകളിലായി 555 ഗുണഭോക്താക്കൾക്കുള്ള 1,620 വായ്പകളുടെ കുടിശ്ശിക തുകയായ 18.75 കോടി രൂപയാണ് സർക്കാർ പൂർണ്ണമായും ഏറ്റെടുത്തത്.മികച്ച രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെയും പ്രതികൂല കാലാവസ്ഥകളെയെല്ലാം മറികടന്നാണ് നിർമ്മാണപ്രവൃത്തികൾ വേഗത്തിലാക്കിയ ആയിരക്കണക്കിന് നിർമ്മാണ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.