ഖാംനഈയുടെ വധവും ഇറാന്റെ ഭാവിയും

Wait 5 sec.

ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ തകര്‍ക്കുകയാണ് യുദ്ധലക്ഷ്യമെന്നാണ് അമേരിക്ക- ഇസ്‌റാഈല്‍ കൂട്ടുകെട്ടിന്റെ അവകാശവാദമെങ്കിലും ഭരണമാറ്റമായിരുന്നു അവരുടെ യഥാര്‍ഥ അജന്‍ഡ. അതിന്റെ ആദ്യപടിയാണ് ആയത്തുല്ല ഖാംനഈയുടെ വധം. “ഇനി നിങ്ങളുടെ രാജ്യത്തിന്റെ ഭരണം നിങ്ങള്‍ തന്നെ ഏറ്റെടുക്കുക’ എന്നായിരുന്നു ഖാംനഈയുടെ മരണം സ്ഥിരീകരിച്ച ഉടനെ ഇറാന്‍ ജനതയോട് ട്രംപിന്റെ ആഹ്വാനം. ഇറാന്റെ ഭാവി സ്വന്തം കൈകളിലെടുക്കാന്‍ ജനങ്ങള്‍ക്ക് ഞങ്ങള്‍ സാഹചര്യം ഒരുക്കിയിരിക്കുന്നുവെന്ന് നെതന്യാഹുവും പ്രതികരിച്ചു. 1979ലെ വിപ്ലവത്തിനു ശേഷം അമേരിക്കയില്‍ അഭയം തേടിയ റെസ പഹ്‌ലവിയെ ഇറാനിലെത്തിച്ച് പാവഭരണകൂടം സ്ഥാപിക്കുകയാണ് അമേരിക്കന്‍ പദ്ധതി. വിപ്ലവത്തിനു തൊട്ടുമുമ്പ് ഇറാന്‍ ഭരിച്ചിരുന്ന ഷാ പഹ്‌ലവിയുടെ മകനാണ് റെസാ പഹ്‌ലവി. ഇറാനിലെ യുവതയില്‍ ഒരു വിഭാഗം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നത് തങ്ങളുടെ പദ്ധതിക്ക് അനുകൂല ഘടകമായി അമേരിക്ക വിലയിരുത്തുന്നു.എന്നാല്‍ അമേരിക്ക കിനാവ് കാണുന്നത് പോലെയുള്ള ഒരു ഭരണത്തിലേക്ക് ഇറാന്‍ പെട്ടെന്ന് മാറാന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രാജ്യത്തിന് തിരഞ്ഞെടുക്കപ്പെട്ട ഒരു പാര്‍ലിമെന്റും പ്രസിഡന്റുമുണ്ടെങ്കിലും രാജ്യത്തിന്റെ യഥാര്‍ഥ നിയന്ത്രണം ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) എന്ന സൈനിക വിഭാഗത്തിന്റെ കൈകളിലാണ്. ഒരു സാധാരണ സൈനിക ശക്തിയല്ല ഐ ആര്‍ ജി സി. സുരക്ഷ, ഇന്റലിജന്‍സ്, മിസൈല്‍ പരിപാടികള്‍ തുടങ്ങിയ മേഖലകള്‍ക്ക് പുറമെ സാമ്പത്തിക രംഗത്ത് വരെ ശക്തമായ സ്വാധീനമുണ്ട് ഐ ആര്‍ ജി സിക്ക്. യുദ്ധഭൂമിയിലെ താത്കാലിക വിജയം കൊണ്ട് മാത്രം ട്രംപിനോ നെതന്യാഹുവിനോ ഇതിനെ നിര്‍വീര്യമാക്കുക സാധ്യമല്ല. ഇറാന്റെ ഭരണഘടനാപരവും സാമ്പത്തികവുമായ പാളികളെ തകര്‍ത്ത് കൈവരിക്കേണ്ട ഈ ലക്ഷ്യം ദീര്‍ഘകാലാടിസ്ഥാനത്തിലേ സാധ്യമാകൂ.ഭരണകൂടത്തോട് വിയോജിപ്പുള്ള ഒരു വിഭാഗം രാജ്യത്തുണ്ടെങ്കിലും ബാഹ്യശക്തി ഭരണമാറ്റത്തിന് ശ്രമിക്കുമ്പോള്‍, അത് ജനകീയവും ദേശീയവുമായ എതിര്‍പ്പിന് വഴിവെച്ചേക്കാം. നിലവിലെ ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ പോലും അത്തരമൊരു ഘട്ടത്തില്‍ ഭരണകൂടത്തിനു പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്ന അനുഭവങ്ങള്‍ മുന്നിലുണ്ട്. ചിലപ്പോള്‍ നിലവിലുള്ള ഭരണകൂടത്തിന് കൂടുതല്‍ ശക്തിയാര്‍ജിക്കാനുള്ള അവസരമായിത്തീരാറുണ്ട് ബാഹ്യശക്തികള്‍ നടത്തുന്ന ഭരണ അട്ടിമറി.ഖാംനഈക്ക് ശേഷം ഇനി തിരഞ്ഞെടുക്കപ്പെടുന്ന പരമോന്നത നേതാവിന്റെ കഴിവിനെയും പ്രാഗത്ഭ്യത്തെയും ആശ്രയിച്ചിരിക്കും ഇറാന്റെ ഭാവി. നേരത്തേ ഖാംനഈയുടെ പിന്‍ഗാമിയായി കരുതപ്പെട്ടിരുന്നത് ഇബ്‌റാഹീം റെയ്‌സിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയുടെ പേരാണ് ഉയര്‍ന്നു വരുന്നത്. ഭരണരംഗത്ത് സുപ്രധാന പദിവകളൊന്നും വഹിച്ചിട്ടില്ലെങ്കിലും കഴിവും ആര്‍ജവവുമുള്ള വ്യക്തിത്വമാണ് മുജ്തബ ഖാംനഈയുടെത്. സുപ്രീം ലീഡറുടെ (പരമോന്നത നേതാവ്) ഓഫീസ് നിയന്ത്രിച്ചിരുന്നത് അദ്ദേഹമായിരുന്നു. ഇറാന്റെ ആഭ്യന്തര-വിദേശ നയങ്ങളിലും മുജ്തബ ഖാംനഈക്ക് വലിയ സ്വാധീനമുണ്ട്. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗങ്ങളുമായും സുരക്ഷാ ഏജന്‍സികളുമായും അടുത്ത ബന്ധമാണ്. ഇടക്കാലത്ത് ഭരണകൂടത്തിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്.പരമോന്നത നേതാവ് കൊല്ലപ്പെട്ടാല്‍ ഇറാന്‍ പ്രസിഡന്റ്, ജുഡീഷ്യറി തലവന്‍, ഗാര്‍ഡിയന്‍ കൗണ്‍സിലിലെ ഒരു നിയമജ്ഞന്‍ എന്നിവര്‍ ചേര്‍ന്ന് ഭരണ നിയന്ത്രണം ഏറ്റെടുക്കണമെന്നതാണ് വ്യവസ്ഥ. പിന്നീട് 88 അംഗ സമിതി ചേര്‍ന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കും. ഈ തിരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ താത്പര്യം മുഖ്യമാണ്. മുജ്തബക്ക് സൈന്യത്തില്‍ വലിയ സ്വാധീനമുണ്ട്. 1980കളിലെ ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ സൈനികനായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ സൈനിക ബന്ധങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ഇത് അദ്ദേഹത്തിന് അനുകൂല ഘടകമാണ്. അതേസമയം രാജഭരണത്തിനെതിരെ രൂപം കൊണ്ട ഇറാനിലെ ഇസ്‌ലാമിക് റിപബ്ലിക്, ഭരണത്തില്‍ പിന്തുടര്‍ച്ചക്ക് എതിരാണ്. മാത്രമല്ല, തന്റെ മരണ ശേഷം നേതൃസ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെടാവുന്ന നാല് പേരുടെ പട്ടിക ആയത്തുല്ല ഖാംനഈ തയ്യാറാക്കിയതായും ഇതില്‍ മുജ്തബയുടെ പേരില്ലെന്നും റിപോര്‍ട്ടുണ്ട്.അതിനിടെ ഖാംനഈ അധികാരത്തില്‍ നിന്ന് മാറിനില്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ ഇറാനില്‍ സംഭവിക്കാനിരിക്കുന്ന ഭരണമാറ്റത്തെക്കുറിച്ച് സി ഐ എ തയ്യാറാക്കിയതായി പറയപ്പെടുന്ന ഒരു റിപോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. ഖാംനഈക്കു ശേഷം ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിലെ തീവ്ര നിലപാടുള്ള സൈനിക മേധാവികള്‍ രാജ്യം പിടിച്ചടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. സൈനിക നേതൃത്വം അധികാരം ഏറ്റെടുത്താല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ ശക്തമാകാനാണ് സാധ്യത. നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിലുപരി സൈനിക പ്രത്യാക്രമണത്തിന് മുന്‍തൂക്കം കല്‍പ്പിക്കുന്നവരാണ് സൈനിക മേധാവികള്‍. ട്രംപ് അതീവ ഗൗരവത്തോടെയാണ് ഈ റിപോര്‍ട്ടിനെ കാണുന്നത്. അമേരിക്കക്കും ഇസ്‌റാഈലിനും കൂടുതല്‍ വെല്ലുവിളിയാകും സൈനിക ഭരണം. ആര് അധികാരത്തില്‍ വന്നാലും പാവഭരണകൂടമെന്ന അമേരിക്കയുടെ സ്വപ്‌നം പെട്ടെന്ന് പൂവണിയാന്‍ സാധ്യതയില്ല. ശീഈ സിദ്ധാന്തത്തിലധിഷ്ഠിതമായ മതപരമായ ഭരണകൂടമായിരിക്കും തുടര്‍ന്നും ഇറാനെ നയിക്കുക. എങ്കിലും നിലവിലെ ഭരണ വ്യവസ്ഥയോട് അതൃപ്തിയുള്ള ഒരു സമൂഹം വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ നയങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ ഭരണകൂടം നിര്‍ബന്ധിതമായേക്കും.