വിയന്ന | ഇറാനില്‍ യു എസും ഇസ്‌റാഈലും തമ്മില്‍ നിലനില്‍ക്കുന്ന സൈനിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ ആണവ വികിരണ ഭീഷണികളില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (IAEA) വ്യക്തമാക്കി. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഏജന്‍സി ഇക്കാര്യം വ്യക്തമാക്കിയത്.അമേരിക്കയും സസ്‌റാഈലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളും, തുടര്‍ന്ന് മേഖലയിലെ മറ്റ് രാജ്യങ്ങളിലുണ്ടായ തിരിച്ചടികസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ഏജന്‍സി അറിയിച്ചു. സൈനിക നീക്കങ്ങളില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ഐഎഇഎ തയ്യാറായില്ലെങ്കിലും, നിലവില്‍ ആണവ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഒരിടത്തും ദൃശ്യമായിട്ടില്ലെന്ന് ഏജന്‍സി സ്ഥിരീകരിച്ചു. മേഖലയിലെ രാജ്യങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ആണവ സുരക്ഷാ അപകടങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും ഐഎഇഎ ആവശ്യപ്പെട്ടു. ‘മധ്യേഷ്യയിലെ സംഭവവികാസങ്ങള്‍ ഐഎഇഎ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്ന തരത്തിലുള്ള ആണവ സുരക്ഷാ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണം,’ എന്ന് ഏജന്‍സി എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.യുദ്ധസാഹചര്യങ്ങളില്‍ ആണവ നിലയങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് വന്‍ ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഐഎഇഎയുടെ ഈ ആശ്വാസകരമായ റിപ്പോര്‍ട്ട് വരുന്നത്. എങ്കിലും മേഖലയിലെ സാഹചര്യം അതീവ സങ്കീര്‍ണ്ണമായി തുടരുകയാണ്.യുദ്ധം കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി പല ആണവ കേന്ദ്രങ്ങളിലും നേരിട്ടുള്ള പരിശോധന നടത്താന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നും ഏജന്‍സി വ്യക്തമാക്കി.ഇറാനിലെ ഇസ്ഫഹാന്‍ , നടാന്‍സ് തുടങ്ങിയ ഇടങ്ങളിലുള്ള ആണവ കേന്ദ്രങ്ങള്‍ക്ക് സമീപം മിസൈല്‍ സ്‌ഫോടനങ്ങള്‍ നടന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആണവ വികിരണം ഭീഷണിയെക്കുറിച്ച് ഐ എ ഇ എ പരിശോധന നടത്തിയത്.