ടെഹ്റാൻ | അമേരിക്കയുടെയും ഇസ്റാഈലിന്റെയും സംയുക്ത സൈനിക നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും തിരിച്ചടിക്കാനുള്ള അവകാശം ഇറാന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ചി. എൻ ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾക്കെതിരെ നടന്നത് നിയമവിരുദ്ധവും പ്രകോപനവുമില്ലാത്തതുമായ ആക്രമണമാണെന്നും ലോകരാജ്യങ്ങൾ ഇതിനെ അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മേഖലയിലെ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ തിരിച്ചടി പ്രതിരോധത്തിന്റെ ഭാഗമാണ്. തങ്ങളെ സംരക്ഷിക്കാൻ പുറത്തുനിന്നുള്ള സഹായം ആവശ്യമില്ലെന്നും ഇറാൻ സജ്ജമാണെന്നും അരാഖ്‌ചി പറഞ്ഞു. ഇസ്റാഈൽ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടുവെന്ന വാർത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. തന്റെ അറിവിൽ ഖാംനഈ സുരക്ഷിതനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിൽ ഒന്നോ രണ്ടോ കമാൻഡർമാർ കൊല്ലപ്പെട്ടിരിക്കാം എന്ന് സമ്മതിച്ച അദ്ദേഹം, എന്നാൽ മുതിർന്ന ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും ഭരണകൂടം സജീവമാണെന്നും കൂട്ടിച്ചേർത്തു.നിലവിൽ അമേരിക്കയുമായി ഒരുവിധത്തിലുള്ള ചർച്ചകളും നടക്കുന്നില്ലെന്ന് അരാഖ്‌ചി സ്ഥിരീകരിച്ചു. ചർച്ചകൾ വേണമെന്ന് അമേരിക്കയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ അവരെ എങ്ങനെ സമീപിക്കണമെന്ന് അവർക്കറിയാം. സംഘർഷം ലഘൂകരിക്കാൻ ഇറാന് താല്പര്യമുണ്ട്, എന്നാൽ അതിന് മുന്നോടിയായി ആക്രമണങ്ങൾ അവസാനിപ്പിക്കണം. അന്താരാഷ്ട്ര ഉടമ്പടികൾ പ്രകാരം യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശം വിട്ടുനൽകില്ല. ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്ന് ഉറപ്പുവരുത്തുന്ന ഒരു കരാറിൽ എത്താൻ ഇപ്പോഴും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഭരണം അട്ടിമറിക്കാമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന അസാധ്യമായ ഒന്നാണെന്ന് അദ്ദേഹം പരിഹസിച്ചു. അമേരിക്കയുടെ ഭൂപ്രദേശത്ത് ആക്രമണം നടത്താൻ ഇറാന് താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. SummaryIranian Foreign Minister Abbas Araghchi has condemned the recent joint US-Israeli military strikes as an “illegal and unprovoked” violation of international law. In an interview with NBC News, he asserted that Iran’s missile responses were acts of self-defense and confirmed that Supreme Leader Ayatollah Ali Khamenei remains alive and operational. While acknowledging the potential loss of a few commanders, Araghchi dismissed Donald Trump’s calls for regime change as “mission impossible” and stated that while Iran is open to de-escalation, all attacks must cease before any negotiations can occur.