ചൈനയിൽ നിന്ന് അത്യാധുനിക കപ്പൽ വേധ മിസൈൽ വാങ്ങാൻ ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തം

Wait 5 sec.

ന്യൂഡൽഹി | ഇസ്റാഈലുമായുള്ള തർക്കം നിലനിൽക്കുന്നതിനിടെ ചൈനയുമായി വൻ ആയുധ കരാറിനൊരുങ്ങി ഇറാൻ. ചൈനീസ് നിർമ്മിത കപ്പൽ വേധ ക്രൂയിസ് മിസൈലുകളായ സി എം 302 (CM-302) വാങ്ങാനാണ് ഇറാൻ നീക്കം നടത്തുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഇസ്റാഈലും ഇറാനും തമ്മിലുണ്ടായ പന്ത്രണ്ട് ദിവസത്തെ യുദ്ധത്തിന് പിന്നാലെയാണ് വർഷങ്ങളായി തുടരുന്ന ചർച്ചകൾ കരാറിലേക്ക് നീങ്ങുന്നത്. പശ്ചിമേഷ്യയിൽ അമേരിക്ക സൈനിക സന്നാഹം വർദ്ധിപ്പിക്കുന്നതിനിടെയാണ് ഇറാന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.ശബ്ദാതിവേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള സി എം 302 മിസൈലുകൾ ഏകദേശം 290 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ശേഷിയുള്ളവയാണ്. റഡാറുകളുടെ കണ്ണുവെട്ടിച്ച് താഴ്ന്നു പറന്നു ആക്രമണം നടത്താൻ കഴിയുന്ന ഈ മിസൈലുകൾ അമേരിക്കൻ നാവികപ്പടയ്ക്ക് വലിയ ഭീഷണിയാകുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഒരു വിമാനവാഹിനി കപ്പലിനെയോ ഡിസ്ട്രോയറിനെയോ നിഷ്പ്രയാസം മുക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും മികച്ച ആന്റി ഷിപ്പ് മിസൈലുകളായാണ് ചൈന ഇതിനെ വിശേഷിപ്പിക്കുന്നത്.മിസൈലുകൾക്ക് പുറമെ ഉപഗ്രഹ വിരുദ്ധ ആയുധങ്ങൾ, ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകൾ, ആന്റി ബാലിസ്റ്റിക് ആയുധങ്ങൾ എന്നിവയും ചൈനയിൽ നിന്ന് ഇറാൻ ലക്ഷ്യമിടുന്നുണ്ട്. ഈ നീക്കം മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന ആശങ്കയിലാണ് അമേരിക്കയും സഖ്യകക്ഷികളും.ഇറാനിലെ നിലവിലെ ഭരണകൂടം തുടരുന്നത് തങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഗുണകരമാണെന്ന് ചൈന കരുതുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ആണവ പദ്ധതിയിൽ പത്ത് ദിവസത്തിനകം ധാരണയിലെത്തിയില്ലെങ്കിൽ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.SummaryIran is reportedly finalizing a significant defense deal with China to purchase advanced CM-302 supersonic anti-ship cruise missiles. Following last year’s conflict with Israel and rising tensions with the US, these missiles are expected to drastically improve Iran’s ability to target naval vessels. The move underscores growing military cooperation between Tehran and Beijing, posing a new challenge to US strategic dominance in the region.