വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ സൗജന്യമായി റദ്ദാക്കാം

Wait 5 sec.

ന്യൂഡല്‍ഹി| വിമാന യാത്രക്കാര്‍ക്ക് വലിയ ആശ്വാസമേകുന്ന പുതിയ പരിഷ്‌കാരങ്ങളുമായി ഇന്ത്യന്‍ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ (ഡി ജി സി എ). വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ അധിക നിരക്കുകളില്ലാതെ റദ്ദാക്കാനോ മാറ്റം വരുത്താനോ യാത്രക്കാരെ അനുവദിക്കുന്ന ‘ലുക്ക്-ഇന്‍’ കാലാവധി ഏര്‍പ്പെടുത്തി. ടിക്കറ്റ് റീഫണ്ട് ചെയ്യുന്നതിനുള്ള സമയപരിധി കുറച്ചതിനൊപ്പം പേരുതിരുത്തല്‍ നടപടികള്‍ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്.പുതിയ നിയമപ്രകാരം 48 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പിഴ നല്‍കേണ്ടതില്ല. എന്നാല്‍ മറ്റൊരു വിമാനത്തിലേക്ക് യാത്ര മാറ്റുകയാണെങ്കില്‍ ടിക്കറ്റ് നിരക്കിലെ വ്യത്യാസം യാത്രക്കാരന്‍ വഹിക്കേണ്ടി വരും. എയര്‍ലൈനുകളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടാതെ ആഭ്യന്തര വിമാനങ്ങള്‍ പുറപ്പെടുന്നതിന് ഏഴ് ദിവസം മുമ്പും അന്താരാഷ്ട്ര വിമാനങ്ങള്‍ പുറപ്പെടുന്നതിന് 15 ദിവസം മുമ്പും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. 48 മണിക്കൂര്‍ കഴിഞ്ഞാല്‍ സാധാരണ നിരക്കുകള്‍ ബാധകമാകും.യാത്രക്കാരുടെ പേരില്‍ വരുന്ന ചെറിയ തെറ്റുകള്‍ തിരുത്തുന്നതിനും ഇനി മുതല്‍ 24 മണിക്കൂറിനുള്ളില്‍ അധിക ഫീ നല്‍കേണ്ടതില്ല. റീഫണ്ട് നടപടികള്‍ ഇനി മുതല്‍ കൂടുതല്‍ വേഗത്തിലാകും. ക്രെഡിറ്റ് കാര്‍ഡ് വഴി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഏഴ് ദിവസത്തിനുള്ളിലും ട്രാവല്‍ ഏജന്റുകള്‍ വഴി ബുക്ക് ചെയ്തവ 14 പ്രവൃത്തി ദിവസത്തിനുള്ളിലും റീഫണ്ട് ചെയ്യണമെന്ന് ഡി ജി സി എ നിര്‍ദേശിച്ചു. റീഫണ്ട് ലഭിക്കാത്ത ടിക്കറ്റാണെങ്കില്‍ പോലും നികുതിയും മറ്റ് ചാര്‍ജുകളും യാത്രക്കാരന് തിരികെ നല്‍കണം. മെഡിക്കല്‍ എമര്‍ജന്‍സി സാഹചര്യങ്ങളില്‍ ആശുപത്രി രേഖകള്‍ ഹാജരാക്കിയാല്‍ റീഫണ്ട് അല്ലെങ്കില്‍ ക്രെഡിറ്റ് ഷെല്‍ സൗകര്യം ലഭ്യമാകും. പരിഷ്‌കാരങ്ങള്‍ മാര്‍ച്ച് 26 മുതല്‍ നടപ്പിലാക്കും.