സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Wait 5 sec.

സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം – മക്ക റോഡിലെ മഹ്‌ലൂമിയയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.പത്തനാപുരം കുണ്ടയം സ്വദേശിനി ഷീബ (42), ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ മുക്കട്ട സ്വദേശിയുമായ ഇസ്മാഈൽ നിസാമി (48) എന്നിവരാണ് മരിച്ചത്. ഷീബ ഭർത്താവ് നൗഷാദിനൊപ്പം വർഷങ്ങളായി ഹോത്ത ബനീ തമീമിൽ താമസിച്ചുവരികയായിരുന്നു.ഹോത്ത ബനീ തമീമിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് തീർഥാടക സംഘം യാത്ര തിരിച്ചത്. യാത്രാമധ്യേ ബസിന്റെ ബ്രേക്കിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വർക്ക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.ഇതിനുശേഷം യാത്ര തുടരുന്നതിനിടെ മഹ്‌ലൂമിയയിൽ വെച്ച് ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിഞ്ഞു.അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുകൾഭാഗം തകരുകയും ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു.അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. തകർന്ന വിടവുകളിലൂടെ പുറത്തെത്തിയ യാത്രക്കാരാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്.വിവരമറിഞ്ഞ ഉടൻ പൊലീസും റെഡ് ക്രസന്റും ആംബുലൻസുകളും സ്ഥലത്തെത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന 50 ഓളം യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റിട്ടുണ്ട്.ഇതിൽ മലയാളികൾക്ക് പുറമെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. വിജനമായ സ്ഥലത്താണ് അപകടം നടന്നത്.The post സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക് appeared first on Arabian Malayali.