ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണ് : മന്ത്രി കെ രാജൻ

Wait 5 sec.

“ഞങ്ങൾ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണ്,” എന്ന് മന്ത്രി കെ രാജൻ. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി എൽഡിഎഫ് സർക്കാർ നിർമ്മിച്ച് നൽകുന്ന വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയവും ഇടപെടലുമാണ് വയനാട് ടൗൺഷിപ്പ് യാഥാർഥ്യമാകാൻ കാരണമായതെന്ന് മന്ത്രി പറഞ്ഞു. ദുരന്തബാധിതരെ ഇനിയൊരു മഴക്കാലത്തേക്ക് ദുരിതത്തിലാക്കാതിരിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.നിലവിൽ 310 വീടുകളുടെ നിർമാണം പൂർത്തിയായതായി മന്ത്രി അറിയിച്ചു. ശേഷിക്കുന്ന വീടുകൾ രണ്ടാം നില പണിയിലേക്കാണ് കടന്നിരിക്കുന്നത്. വെറും സിവിൽ നിർമാണമല്ല, മറിച്ച് ‘ഡിസാസ്റ്റർ എൻജിനീയറിംഗ്’ മാനദണ്ഡങ്ങൾ പാലിച്ചാണ് വീടുകൾ പണിയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സാധാരണയായി മൂന്നടി താഴ്ചയിൽ വാരം കോരുന്ന രീതിക്ക് പകരം, മണ്ണ് പരിശോധനകൾ നടത്തി പത്ത് അടി താഴ്ചയിൽ പില്ലറുകൾ സ്ഥാപിച്ചാണ് നിർമാണം നടക്കുന്നത്. പുത്തുമലയും ചൂരൽമലയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി വരുന്ന കുടുംബങ്ങൾക്ക് പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ സാങ്കേതിക രീതി സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ദുരന്തബാധിതരെ വെറും കണക്കുകളായി കാണുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ വീടുകളിലേക്ക് മാറി താമസം സുരക്ഷിതമാകുന്നതുവരെ സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ തുടരുമെന്നും അറിയിച്ചു. ഒരു കുടുംബത്തിലെ രണ്ടുപേർക്ക് വരെ പ്രതിദിനം 1000 രൂപ വീതം സഹായധനം, 6000 രൂപ വീട് വാടക, കൂടാതെ 1000 രൂപയുടെ ഫുഡ് കൂപ്പൺ എന്നിവ നിലവിൽ നൽകിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ദുരന്താനന്തര പുനരധിവാസ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി, സുരക്ഷിതമായ താമസ സൗകര്യം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രതിബദ്ധതയെന്നും അദ്ദേഹം പറഞ്ഞു.The post ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണ് : മന്ത്രി കെ രാജൻ appeared first on ഇവാർത്ത | Evartha.