തിരുവനന്തപുരം| മൂന്നാം മുറ പ്രയോഗിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. ഗ്രേഡ് എസ്ഐ, എഎസ്ഐ, രണ്ടു സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.ബൈക്ക് മോഷണക്കേസില്‍ കോട്ടയം സ്വദേശിയായ ജിനു ബേബി, ഉണ്ണി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ജിനുവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു എന്നതാണ് കേസ്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുമ്പോള്‍ വാഹനത്തില്‍ ഇട്ടും തിരുവനന്തപുരത്ത് എത്തിച്ച ശേഷം സ്റ്റേഷനില്‍ ഇട്ടും ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാലു പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും നിര്‍ദേശിച്ചിട്ടുണ്ട്.ജില്ലാ ജയിലിലെത്തിച്ചപ്പോള്‍ തന്നെ ജിനുവിന്റെ നില വഷളായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ ജിനുവിന്റെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായ നിലയിലാണ്. കൈക്കും ഗുരുതര പരുക്കുണ്ട്. കൈയില്‍ ശസ്ത്രക്രിയ നടത്തിയതിനുശേഷം ജിനുവിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഉണ്ണി വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നു.തിരുവനന്തപുരത്ത് ഒരു ഹോട്ടലിനുമുന്നില്‍ വച്ചിരുന്ന ബൈക്കാണ് പ്രതികള്‍ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സ്ഥിരം മോഷ്ടാവായ ജിനുവിനെ പോലീസ് തിരിച്ചറിഞ്ഞത്. ഫോര്‍ട്ട് പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഡാന്‍സാഫ് സംഘം ജിനുവിനെ പിടികൂടി സെന്‍ട്രല്‍ പോലീസിന് കൈമാറി. തുടര്‍ന്ന് ജിനുവിനെയും കൂട്ടുപ്രതിയായ ഉണ്ണിയെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു കുട്ടിയെയും ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണം നടത്തിയത് തെളിഞ്ഞതോടെ പ്രായപൂര്‍ത്തിയാകാത്തയാളെ ഒഴിവാക്കി കേസില്‍ ജിനുവിനെയും ഉണ്ണിയെയും മാത്രമാണ് പ്രതിചേര്‍ത്തത്. പിന്നാലെ കഴിഞ്ഞ ശനിയാഴ്ച ഇരുവരെയും റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധനയിലാണ് ജിനുവിന്റെ ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയത്.