ദുബൈ|രാജ്യത്ത് മരുന്നുകളുടെ കുത്തക അവസാനിപ്പിക്കുന്നതിനും സുഗമമായ വിതരണം ഉറപ്പാക്കുന്നതിനുമായി പുതിയ നിയമം നടപ്പിലാക്കി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇ ഡി ഇ). ഇതനുസരിച്ച് ഓരോ മരുന്നിനും ഒന്നിലധികം അംഗീകൃത ഏജന്റുമാരെ നിയമിക്കണമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് അധികൃതർ നിർദേശിച്ചു. മരുന്നുകളുടെ ക്ഷാമം പരിഹരിക്കാനും വിപണിയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചരിത്രപരമായ നീക്കമാണിത്.പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഒരു ഏജന്റിന് മാത്രം മരുന്നുകളുടെ വിതരണത്തിൽ നിയന്ത്രണം ഉണ്ടായിരിക്കില്ല. ഇത് അടിയന്തര സാഹചര്യങ്ങളിലോ മറ്റ് തടസ്സങ്ങളിലോ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ സഹായിക്കും. വിതരണ ശൃംഖലയിലെ വഴക്കം വർധിപ്പിക്കാനും ഇൻവെന്ററി മാനേജ്മെന്റ്മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുമെന്ന് ഇ ഡി ഇ വ്യക്തമാക്കി. ഒരേ അസുഖത്തിനുള്ള വിവിധ ചികിത്സാ ഓപ്ഷനുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകാനും ഈ മത്സരം ഉപകരിക്കും.രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും മരുന്നുകളുടെ വിതരണം തടസ്സമില്ലാതെ തുടരുന്നത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് അനിവാര്യമാണ് എന്നും സഹമന്ത്രിയും ഇ ഡി ഇ ചെയർമാനുമായ സഈദ് ബിൻ മുബാറക് അൽ ഹാജിരി പറഞ്ഞു.