ടെഹ്റാൻ | പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ ഇടക്കാല ഭരണത്തലവനായി മുതിർന്ന മതപണ്ഡിതൻ ആയത്തുല്ല അലിറേസ അറാഫിയെ നിയമിച്ചു. ഇസ്റാഈലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഖാംനഈ വധിക്കപ്പെട്ടതോടെ ഇറാന്റെ ഭരണഘടനയിലെ 111-ാം അനുച്ഛേദം അനുസരിച്ചാണ് ഈ അടിയന്തര നടപടി.പുതിയ പരമോന്നത നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നത് വരെ മൂന്നംഗ കൗൺസിലിനായിരിക്കും രാജ്യത്തിന്റെ ഭരണചുമതല. ഈ സമിതിയിലെ മതപണ്ഡിതനായ ഏക അംഗം എന്ന നിലയിൽ അലിറേസ അറാഫിക്ക് നിർണ്ണായക സ്വാധീനമുണ്ടാകും. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്‌സെനി എജെഇ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.ആരാണ് അലിറേസ അറാഫി?1959-ൽ ജനിച്ച 67 വയസ്സുകാരനായ അറാഫി ഇറാന്റെ മതപരവും രാഷ്ട്രീയവുമായ അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ള വ്യക്തിയാണ്. രാജ്യത്തെ ഇസ്ലാമിക് സെമിനാരികളുടെ ദേശീയ ശൃംഖലയുടെ തലവനായ അദ്ദേഹം ഗാർഡിയൻ കൗൺസിലിലും അസംബ്ലി ഓഫ് എക്സ്‌പെർട്‌സിലും അംഗമാണ്. ഖാംനഈയുടെ പിൻഗാമിയെ നിശ്ചയിക്കുന്നത് വരെ ഇറാന്റെ പരമോന്നത അധികാരം ഈ മൂന്നംഗ സമിതിക്കായിരിക്കും.പുതിയ ഐ ആർ ജി സി തലവനായി അഹമ്മദ് വാഹിദിശനിയാഴ്ച നടന്ന ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) തലവൻ ജനറൽ മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടതിനെത്തുടർന്ന് അഹമ്മദ് വാഹിദിയെ പുതിയ ചീഫ് ആയി നിയമിച്ചു. ഇറാന്റെ സൈനിക, സാമ്പത്തിക മേഖലകളിൽ വലിയ സ്വാധീനമുള്ള ഐ ആർ ജി സിയിൽ പെട്ടെന്നുണ്ടായ ഈ നേതൃമാറ്റം നിർണ്ണായകമാണ്.1989 മുതൽ ഇറാൻ ഭരിച്ചിരുന്ന 86 വയസ്സുകാരനായ അലി ഖാംനഈ കൊല്ലപ്പെട്ട വിവരം ഞായറാഴ്ച രാവിലെയാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചത്. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. SummaryAyatollah Alireza Arafi has been appointed as Iran’s interim Supreme Leader following the assassination of Ayatollah Ali Khamenei in a joint US-Israeli airstrike. Under Article 111 of the Iranian Constitution, Arafi will lead a temporary three-man council including President Masoud Pezeshkian and Chief Justice Mohseni-Ejei until a permanent successor is chosen. Additionally, Ahmad Vahidi has taken over as the head of the Islamic Revolutionary Guard Corps (IRGC) after its former chief, Mohammad Pakpour, was killed in the same series of attacks.